Sunday, January 27, 2008

നാടന്‍ വാക്കുകള്‍ - 1

പണ്ടെപ്പോഴോ പൊതുവാള്‍ജീയുടെ കാസറഗോഡ്: പ്രാദേശിക നിഘണ്ടു, കാസറഗോഡ് നിഘണ്ടു 2 എന്നീ പോസ്റ്റുകള്‍ വായിച്ചപ്പോഴേ കരുതിയിരുന്നു: അതിലില്ലാത്ത കുറച്ചുകൂടി 'നാടന്‍' വാക്കുകള്‍ ചേര്‍ത്ത്‌ ഒരു പോസ്റ്റിറക്കണമെന്ന് (ഇവിടെ ഞാന്‍ ഓരോ വാക്കിന്റെയും ഉച്ചാരണത്തിനോട്‌ പരമാവധി നീതി പുലര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്‌). ഈ പോസ്റ്റിന്റെ കമന്റില്‍ അനോണിമസ്‌ പറഞ്ഞ പോലെ ബലൂണിന്‌ സ്വന്തമായി മലയാളത്തില്‍ പേരുള്ളത്‌ പാലക്കാട്ട്‌ മാത്രമല്ല, ഞങ്ങള്‍ക്കും ഉണ്ട്‌ ഒരു പേര്‌: ബുഗ
ആദ്യമായി മരങ്ങള്‍,പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയായിക്കോട്ടെ അല്ലേ!
1. പറഞ്ചാവ്‌ = പറങ്കിമാവ്‌, കശുമാവ്‌
2. പറഞ്ചാങ്ങ = പറങ്കിമാങ്ങ, കശുമാങ്ങ
3. ജാദി = ജാതി, തേക്ക്‌
4. കുറുക്കോട്ടി = വലിയ ഇലയുള്ള (വട്ടയില?) ഒരു മരം
5. ചപ്പില = ഇല (ഉദാ: ജാദി ചപ്പില, മുരിങ്ങച്ചപ്പില, പയറിന്റെ ചപ്പില)
6. ചവോല = പറങ്കി മാവിന്റെ ഉണങ്ങിയ ഇലകള്‍ (ഓരോ കശുവണ്ടിക്കാലത്തിനും മുന്നേ ചവോല അടിച്ചുകൂട്ടും. പിന്നെ അതൊക്കെ വാരിക്കൊണ്ടുപോയി കൂന കൂട്ടും: മഴക്കാലത്ത്‌ തൊഴുത്തില്‍ ഇടാന്‍)
7. എല = ഇല, വാഴയില
8. കൗങ്ങ്‌ = കവുങ്ങ്‌, കമുക്‌
9. എളന്നറ്‌ = ഇളനീര്‍
10. ബെള്‌ച്ചിങ്ങ = തേങ്ങ കരിക്കാവുന്നതിനും മുമ്പേയുള്ള ചെറിയ കായ(പാന്തം, കൊരച്ചല്‍, പാണ്‌, അടിച്ചാരപ്പൊടി എന്നിവയും തെങ്ങുമായി ബന്ധപ്പെട്ട പദങ്ങളാണ്‌. പാന്തം കയറിന്‌ പകരമായി ഉപയോഗിക്കാം. കൊരച്ചല്‍ വിറകായി ഉപയോഗിക്കുന്നു. അടിച്ചാരപ്പൊടി പെട്ടെന്ന് തീപ്പിടിപ്പിക്കാന്‍ സഹായിക്കുന്നു. മേല്‍ക്കൂരയ്ക്കും മറ്റും മെടഞ്ഞ ഓലകള്‍ കെട്ടാന്‍ പാണ്‌ ഈര്‍ന്ന് ഉപയോഗിക്കുന്നു).
11. ചേരി = ചകിരി
12. ചെരട്ട =ചിരട്ട
13. ഒണ്ടാമ്പുളി = ഓട്ട്‌ പുളി
14. ബാളമ്പുളി = വാളന്‍ പുളി
15. ബപ്പങ്ങായി = പപ്പായ
16. ബെരിക്ക ചക്ക = വരിക്ക ചക്ക
17. പയം ചക്ക = പഴം ചക്ക, കൂഴ ചക്ക
18. ബളഞ്ഞറ്‌ = ചക്കപ്പശ
19. കരുള്‌ = ചക്കമുള്ളുള്‍പ്പെടെയുള്ള പുറംതോട്‌
20. ചമിണി = ചവിണി
21. പോണ്ടി = ചക്കക്കുരുവിന്റെ പുറത്തെ ആവരണം
22. മടല്‌ = കരുളിന്റെ ഉള്ളിലെ മൃദുവായ പാളി(ചക്കയുടെ മൂക്കും മടലും കറി വെക്കാറുണ്ട്‌)
23. കായ്‌ = പഴം
24. നേന്ത്രങ്കായ്‌ = നേന്ത്രപ്പഴം
25. ബായക്കുഞ്ഞി = വാഴപ്പിണ്ടി (ഇത്‌ കറി വെക്കാറുണ്ട്‌)
26. മൊള, കായല്‌ = മുള (മുള്ളുള്ള ഇനം)
27. ഊയി = മുള്ളില്ലാത്ത ഇനം മുള
28. ഓട്ട = ഊയിയോട്‌ വളരെ സാമ്യമുള്ള വേറൊരിനം മുള
29. ചന്നനം = ചന്ദനം(ബെങ്കണ, ബേങ്ങ, കനിമരം എന്നിങ്ങനെ വേറെയും മരങ്ങള്‍ വീട്ടു പറമ്പുകളില്‍ കാണാറുണ്ട്‌)
30. തൊട്‌ലാടി = തൊട്ടാവാടി
31. കമനീസ്റ്റ്‌ കാട്‌ =കമ്മ്യൂണിസ്റ്റ്‌ പച്ച
32. നാര്‍ച്ചിക്കാട്‌, നാര്‍ന്നാട്‌ = കമ്മ്യൂണിസ്റ്റ്‌ പച്ചയെപ്പോലെ വ്യാപകമായി കാണുന്ന ഒരിനം കുറ്റിച്ചെടി.
33. പന്‍നീര്‌ = പനിനീര്‍
34. ബറോലപ്പൂ = കടലാസ്‌ പൂവ്‌, ബോഗന്‍വില്ല
35. കേങ്ങ്‌ = കിഴങ്ങ്‌
36. പറങ്കള്‌ =മുളക്‌
37. ചപ്പ്‌ = പുകയില
38. ബെള്ളരിക്ക = വെള്ളരിക്ക
39. ബെണ്ടേക്കായ്‌ = വെണ്ടയ്ക്കാ
40. ബനീങ്ങ = വഴുതനങ്ങ
41. കയ്‌പക്ക = പാവയ്ക്ക
42. കൊള്ളി = മരച്ചീനി
43. പട്‌ളക്കായ്‌ = പടവലങ്ങ
44. താരോപ്പെരങ്ങ = നരമ്പന്‍
45. ബത്തക്ക = വത്തയ്ക്ക, തണ്ണിമത്തന്‍
46. കോയക്ക = കോവയ്‌ക്ക
47. മുണ്ട്യ = ചേമ്പ്‌
48. ചേമ്പ്‌ = കാച്ചില്‍
49. നീരുള്ളി = സവാള, ഉള്ളി
50. ബെള്ളുള്ളി = വെളുത്തുള്ളി
കാരാപ്പയം, നുള്ളിപ്പയം, കരിങ്ങാപ്പയം, ചൂരിപ്പയം, ചെക്കിപ്പയം എന്നിങ്ങനെയുള്ള ചെറുപഴങ്ങളെ മറക്കുന്നില്ല.
(തുടരും...)

13 comments:

Jayarajan said...

ബലൂണിന്‌ സ്വന്തമായി മലയാളത്തില്‍ പേരുള്ളത്‌ പാലക്കാട്ട്‌ മാത്രമല്ല, ഞങ്ങള്‍ക്കും ഉണ്ട്‌ ഒരു പേര്‌: ബുഗ

SIVAKUMAR said...

വായിച്ചു....ഇഷ്ടപ്പെട്ടു...

Jayarajan said...

ശിവകുമാര്‍, വായിച്ചല്ലോ? സന്തോഷം. നന്ദി!

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഒരു അഞ്ചെട്ട് കൊല്ലം മുന്‍പേ അറിഞ്ഞിരുന്നെങ്കില്‍ വല്ല ഉപകാരോമുണ്ടായിരുന്നേനെ ;)

Jayarajan said...

ഹായ്‌, ഇതാര്‌, ചാത്തനോ? പല ബ്ലോഗിലും ചാത്തനേറ്‌ കണ്ടിരുന്നെങ്കിലും വടക്കേ മലബാര്‍ ആണെന്ന് അറിയില്ലായിരുന്നു :( എല്‍ബിഎസ്സില്‍ ഏതു ബാച്ചായിരുന്നു?
ചാത്താ, അന്നീ ബ്ലോഗൊക്കെ ഉണ്ടായിരുന്നെങ്കില്‍ ഒരു കൈ നോക്കാമായിരുന്നു.. ഓ 5*8 = 40 കൊല്ലം മുമ്പോ? സ്വാറി...ചാത്തനെ കണ്ടാല്‍ അത്രയും പ്രായം തോന്നില്ല...ഹി ഹി -:)

kilukkampetty said...

നല്ല സഹായമായി ഈ പൊസ്റ്റ്.വട്ക്കന്‍ ജില്ലകളില്‍ നിന്നുള്ള കൂട്ടുകാരുടെ ഇനി പിദിച്ചു നില്‍ക്കാം.
ഫൊട്ടൊസ് പൊസ്റ്റില്‍ ജയന്‍ അമേരിക്കയില്‍ നിന്നാണ് എന്നു മനസ്സിലായി,പിന്നെ ആണ് പ്രൊഫൈല്‍ നൊക്കിയതു.നല്ല ഫോട്ടോസ്.
അമെരിക്കയിലെ 4 കാലങ്ങളും കണ്ട ഒരു അനുഭവം ചെറിയ ഒരു പോസ്റ്റ് ആക്കി ഞാന്‍ ഇട്ടിട്ടുണ്ട്.ആ പോസ്റ്റ് ഇടുമ്പോള്‍ ഇതു പൊലെ ഉള്ള ഫോട്ടോസ് ഇല്ലായിരുന്നു കൈയില്‍.
എല്ലാ seasons ന്റെയും ഫോട്ടോസ് ഊണ്ട്ങ്കില്‍
എനിക്കും കൂടെ തരുമോ?

kilukkampetty said...

നല്ല സഹായമായി ഈ പോസ്റ്റ്.വടക്കന്‍ ജില്ലകളില്‍ നിന്നുള്ള കൂട്ടുകാരുടെ മുന്‍പില്‍ ഇനി പിടിച്ചു നില്‍ക്കാം.തെറ്റുവന്ന ഭാഗം തിരുത്തി ഇടുന്നു.

Jayarajan said...

Hi Kilukkampetty,
Thnaks for reading and commenting :)
I am currently on vacation with no net access; will reply in detail later

കുട്ടിച്ചാത്തന്‍ said...

ഇപ്പഴാതിരിച്ചു വന്ന് നോക്കുന്നത് ---ബാച്ച് 2000...

keraladasanunni said...

വാക്കുകളുടെ പ്രാദേശിക രൂപങ്ങള്‍ മനസിലാക്കന്‍ സഹായകരം , ബാക്കി കൂടി വായിക്കാന്‍ താല്‍പര്യ
palakkattettan

വെള്ളെഴുത്ത് said...

വ’ എല്ലാം ബ‘ ആയതാണ് പ്രകടമായ മാറ്റം. അതോ തിരിച്ചോ? അതെങ്ങനെ? ചപ്പില എല കൌങ്ങ് ചെരട്ട ചേമ്പ് ഞങ്ങള്‍ക്കും ഉള്ളതാണ് പക്ഷേ ഓട്ട ഇവിടെ ദ്വാരമാണ്, ചപ്പ് കരിയിലകളും (ചപ്പും ചവറും) അടുത്തകാലത്തിറങ്ങിയ പ്രാദേശിക ഭാഷാ നിഘണ്ടുവിന്റെ പേര് ‘പൊഞ്ഞാറ്.’

ജയരാജന്‍ said...

ശരിയാണ് വെള്ളെഴുത്ത്: ‘വ’ എന്നത് ‘ബ’ ആയും, ‘ഴ’ എന്നത് ‘യ’ ആയും ആണ് ഉച്ചരിക്കുന്നത്. പിന്നെ കന്നഡയുടെ സ്വാധീനവും. നന്ദി.
പാലക്കാട്ടേട്ടാ, മടി കാരണം ബാക്കി ഒന്നും എശ്ഴുതിയില്ല :( ശ്രമിക്കാം ...

Rahul Renju said...

വായിച്ചപ്പോൾ അത്ഭുതം തോന്നി മലയാള ഭാഷക്കു ഇത്രയും വ്യത്യസ്താമായ നിറങ്ങൾ ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം