Sunday, February 07, 2010

കണ്ടകശനിയും ബെർളിയും പിന്നെ ഞാനും

മനോരമയും മാതൃഭൂമിയുമൊക്കെ കമന്റുകൾ മുക്കുന്നതിനേക്കുറിച്ച് കേട്ടുകാണുമല്ലോ? അതുപോലെ ബ്ലോഗിലും ഉണ്ട് എന്ന് അറിയാൻ വൈകി. സംഭവം എന്താണെന്ന് വച്ചാൽ ജ്യോതി ബസു മരിച്ച ജനുവരി 17ന് കണ്ടകശനി ഒരു പോസ്റ്റിട്ടു. അതിലെ ഒരു വരി ഇങ്ങനെയായിരുന്നു: “ഇന്നു, 15 ജനവരി 2010നു സി പി എമ്മിന്റെ അവസാനത്തെ സ്ഥാപകപിതാവും യാത്രയായി.” അന്നത്തെ മാതൃഭൂമി ഓൺലൈൻ എഡീഷനിലെ പല ഓർമക്കുറിപ്പുകളിലും Posted On ജനുവരി 7, ജനുവരി 10 എന്നൊക്കെയായിരുന്നു. മാതൃഭൂമി, അദ്ദേഹം രോഗം ഗുരുതരമായിക്കിടക്കുന്ന ഘട്ടത്തിൽ തന്നെ തയ്യാറാക്കിവെച്ച മാറ്റർ പെട്ടെന്ന് പോസ്റ്റിയപ്പോൾ മുകളിലെ തീയതി മാറ്റാൻ മറന്നതാവും എന്ന് ഞാനൂഹിച്ചു. അതുകഴിഞ്ഞാണ് കണ്ടകശനിയുടെ പോസ്റ്റ് കാണുന്നത്. എന്നാൽ‌പ്പിന്നെ ഒന്ന് വിമർശിച്ചേക്കാം എന്നു കരുതി “ഓ 2 ദിവസം മുന്നേ തയ്യാറാക്കിയതായിരിക്കും അല്ലേ? തീയതി മാറ്റാൻ മറന്നോ” എന്ന രീതിയിൽ ഒരു കമന്റിട്ടു. കമന്റിൽ മാതൃഭൂമിയിലെ ലേഖനത്തിലേക്ക് ഒരു ലിങ്കും കൊടുക്കാൻ മറന്നില്ല. പക്ഷേ പബ്ലിഷ് ബട്ടൺ ഞെക്കിയപ്പോഴാണറിയുന്നത് കമന്റ് മോഡറേറ്റഡ് ആണെന്ന്. വെറുതെ ഒരു കൌതുകത്തിന് അടുത്ത ദിവസം നോക്കിയപ്പോൾ സംഗതി വിചാരിച്ചതുപോലെ തന്നെ. എന്റെ കമന്റ് വെളിച്ചം കണ്ടില്ല. മാത്രവുമല്ല, തീയ്യതി 15 എന്നത് 17 ആയിട്ടുമുണ്ട്. (“സോറി, അറിയാതെ പറ്റിയതാ. തിരുത്തിയതിന് നന്ദി” എന്നെങ്ങാനും കണ്ടാലോ എന്നൊരു നേരിയ പ്രതീക്ഷ ഉണ്ടായിരുന്നു. എവിടെ?). ‘ആ, പോട്ട്’ എന്ന് ഞാനും വിചാരിച്ചു.

പക്ഷേ കൃത്യം 10 ദിവസം കഴിഞ്ഞപ്പോ അവിടെ പുതിയ ഒരു പോസ്റ്റ് വന്നു: 2010ലെ ആദ്യത്തെ മൂന്നു മണ്ടത്തരങ്ങള്‍ . അതിൽ‌പ്പറഞ്ഞിരിക്കുന്ന മൂന്നാമത്തെ മണ്ടത്തരം ബെർളിയുടെ ഒരു പോസ്റ്റിൽ ആനയുടെ പ്രസവകാലം 10 മാസം എന്നെഴുതിയതാണ്. അവരുടെ തന്നെ ഭാഷയിൽ: "മൂന്നാമത്തെതും പരമവും ആയിട്ടുള്ള മണ്ടത്തരം അതു പ്രതിക്ഷിക്കാവുന്ന ഒരു ഇടത്തുനിന്നു തന്നെയാണു. ഇതുവരെ തിരുത്താത്ത ആ മണ്ടത്തരം ബെര്‍ളി തോമസ് എന്ന മലയാളം ബ്ലോഗറുടെ മലപ്പുറം ജ്യ്യൊഗ്രഫിക്ക് എന്ന പോസ്റ്റില്‍ കാണാം".
ഇതുകണ്ട എനിക്കൊരു കുസൃതി തോന്നി: "ഭയങ്കര സംഭവം തന്നെ!!!" എന്നൊരു കമന്റിട്ടു. അദ്ഭുതമെന്നു പറയട്ടെ, ആ കമന്റ് വെളിച്ചം കണ്ടു. ഇതി വാർത്താഹ! :)

Friday, November 27, 2009

Friday, May 15, 2009

ഇലക്ഷൻ നൊസ്റ്റാൾജിയ!

1987-ലെ നിയമസഭാ തിരഞ്ഞെടുപ്പാണ് എന്റെ ഓർമയിലുള്ള ആദ്യ തിരഞ്ഞെടുപ്പ്. ഞാനന്ന് 3-ആം ക്ലാസ്സിൽ ആയിരുന്നു; എന്നാലും ആവേശത്തിന് കുറവൊന്നുമില്ലായിരുന്നു. ഉദുമയിലെ സി പി എം സ്ഥാനാർഥി കെ പുരുഷോത്തമന്റെ പ്രചരണത്തിന് വന്ന നായനാരെ കാണാൻ കാൽനട ജാഥയായി കൂട്ടക്കനിയിൽ പോയതോർക്കുന്നു. ജാഥയിൽ ഉണ്ടായിരുന്ന പെണ്ണുങ്ങൾ സ്ത്രീകൾക്കായി വേർതിരിച്ച സ്ഥലത്ത് ഇരിപ്പുറപ്പിച്ചപ്പോൽ ചേച്ചിയെ (7-ആം ക്ലാസ്സുകാരി) കാണുന്ന വിധത്തിൽ ഞാൻ പുരുഷന്മാരുടെ സ്ഥലത്തിരുന്നു. നാലാം ക്ലാസ്കാരനായ ഏട്ടൻ അവന്റെ കൂട്ടുകാരോടൊപ്പം ജനക്കൂട്ടത്തിൽ എവിടെയോ ആയിരുന്നു. നായനാർ എത്തുന്നതിന് മുമ്പ് പ്രാദേശികരാഷ്ട്രീയക്കാരുടെ പ്രസംഗത്തിൽ ബോറഡിച്ച ഞാൻ ചേച്ചിയെ നോക്കി. അവളാണെങ്കിൽ എന്നെ മൈൻഡ് ചെയ്യുന്നുപോലുമില്ല. എന്താ വഴി? പതുക്കെ ഒരു കല്ലെടുത്ത് ഒരേറ്. അന്നേ നല്ല ഉന്നമായിരുന്നത് കൊണ്ട് വേറെ ഏതോ ചേച്ചിക്കാണ് ഏറ് കൊള്ളാൻ ഭാഗ്യമുണ്ടായത്. നിരാശനാകാതെ ഞാൻ പിന്നെയും എറിഞ്ഞു. നാലാമത്തെ കല്ല് ആയപ്പോഴേക്കും എന്റെ കൈയ്യിൽ ഒരു പിടുത്തം. കൂടെ ഒരു “അമ്പഴ വീരാ” വിളിയും. ങേ, ആരാ ഇത്? ഏതോ ഒരു കുടിയൻ എന്റെ അക്രമം കണ്ട് എന്നെ കടന്നു പിടിച്ചിരിക്കുന്നു. ജാഥയിൽ കൂടെയുണ്ടായിരുന്ന നാട്ടുകാർ ആരെയും കാണാനില്ല. ഇനി ഇപ്പം എന്താ ചെയ്യ? ഞാൻ കരച്ചിലിന്റെ വക്കിൽ എത്തി. അപ്പോഴാണ് ചേച്ചി തിരിഞ്ഞുനോക്കിയത്. എന്റെ മുഖഭാവം കണ്ട ഉടൻ തന്നെ അവൾ എങ്ങെനെയോ നാട്ടുകാരിൽ നിന്നും ബന്ധു കൂടിയായ രവിയേട്ടനെ കണ്ട് കാര്യം പറഞ്ഞു. രവിയേട്ടൻ പറഞ്ഞിട്ടും നമ്മുടെ കക്ഷിയുണ്ടോ എന്നെ വിടുന്നു. തൊണ്ടി സഹിതം കള്ളനെ പിടിച്ച മുഖഭാവം. അവസാനം എങ്ങനെയൊക്കെയോ അവിടുന്ന് തടിതപ്പി എന്ന് പറഞ്ഞാൽ മതിയല്ലോ. പിന്നെ നായനാരുടെ പ്രസംഗം കഴിയുന്നത് വരെ രവിയേട്ടന്റെയൊപ്പം തന്നെ കൂടി. വീട്ടിലെത്തിയ ഉടനെ ചേച്ചി പതിവുപോലെ എല്ലാവരുടെയും മുമ്പിൽ സംഭവം പറഞ്ഞ് എന്നെ നാണം കെടുത്തിയെന്ന് പ്രത്യേകം പറയണ്ടല്ലോ?...

അതേ വർഷം ആണ് മൂത്ത ചേച്ചി കുറിക്ക് കൂടി ഒരു റേഡിയോ വാങ്ങിയത്. ബീഡി കെട്ടി കിട്ടുന്ന കാശിൽ നിന്നും ആഴ്ച്ച തോറും ഒരു നിശ്ചിത സംഖ്യ അടയ്ക്കണം. ഓരോ ആഴ്ചയിലും നറുക്ക് വീണവർ പിന്നെ കാശടയ്ക്കണ്ട. നറുക്കൊന്നും കിട്ടാത്തതിനാൽ അവസാന ആഴ്ച വരെയും കാശടച്ച ചേച്ചി അച്ഛനേയും കൂട്ടി പോയി റേഡിയോ കൊണ്ടുവരുകയായിരുന്നു. വോട്ടെണ്ണൽ ദിവസം എല്ലാവരും റേഡിയോയ്ക്ക് മുമ്പിൽത്തന്നെയായിരുന്നു. പതിവ് വാർത്ത കൂടാതെ ഓരോ മണിക്കൂറിലും പ്രത്യേക വാർത്താബുള്ളറ്റിൻ, പിന്നെ അപ്പപ്പോൾ കിട്ടുന്ന ലീഡ് വിവരം അറിയിക്കാൻ സംവിധാനം. അത് റേഡിയോയുടെ സുവർണകാലം. വോട്ടെണ്ണൽ എട്ട് മണിക്കാൺ തുടങ്ങുന്നതെങ്കിലും വോട്ടൊക്കെ കൂട്ടിക്കലർത്തി പോസ്റ്റൽ ബാലറ്റ് പ്രത്യേകം എണ്ണിക്കഴിയുമ്പോഴേക്കും ഉച്ചയാകും. വൈകുന്നേരം മൂന്ന് മണിയോടടുപ്പിച്ചാണ് ലീഡ് വിവരം ഒക്കെ കിട്ടിത്തുടങ്ങുക. “ഉദുമയിൽ ഇരുപതിനായിരം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൽ സി പി എമ്മിലെ കെ പുരുഷോത്തമൻ തൊട്ടടുത്ത എതിർസ്ഥാനാർഥി കോൺഗ്രസ്സിലെ കെ പി കുഞ്ഞിക്കണ്ണനെക്കാൾ ആയിരം വോട്ടിന്റെ ലീഡ് നേടി” എന്നിങ്ങനെ ഓരോ റൌണ്ട് കഴിയുമ്പോഴും അപ്ഡേറ്റ് കിട്ടും. രാത്രി പത്ത് മണിയോടടുപ്പിച്ച് ഉറങ്ങാൻ കിടക്കുമെങ്കിലും ആരും ഉറങ്ങില്ല. റേഡിയൊ എന്റെയോ ഏട്ടന്റെയൊ അടുത്ത് തന്നെയുണ്ടാകും. രാത്രി ഒരു ബുള്ളറ്റിൻ കഴിഞ്ഞാൽ “ഈ ബുള്ളറ്റിൻ ഇതോടെ അവസാനിച്ചു അടുത്ത ബുള്ളറ്റിൻ രണ്ട് മണിക്ക്” എന്ന് കേട്ടാൽ പിന്നെ രണ്ടുമണി വരെ ഒരു മയക്കം. 1:55 ആകുമ്പോഴേക്കും അമ്മ അകത്ത് നിന്നും വിളിച്ച് പറയും: “2 മണി ആയില്ലേഡാ റേഡിയം ബെക്ക്”. പുലർച്ചെ 3-4 മണിയൊക്കെയാകും അവസാനഫലം വരാൻ. അത് വരെ മാറിയും മറിഞ്ഞും ഉള്ള ലീഡും അതിനോടൊപ്പം കൂട്ടലും കിഴിക്കലും...
ആ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് ഭൂരിപക്ഷം നേടിയെങ്കിലും ഞങ്ങളുടെ നിയോജകമണ്ഡലത്തിൽ സി പി എം പരാജയപ്പെടുകയായിരുന്നു. പിന്നെ 89-ൽ പാർലമെന്റ്, 91-ൽ പാർലമെന്റ് & നിയമസഭ (രാജീവ് സഹതാപ തരംഗം); 96-ൽ വീണ്ടും പാർലമെന്റ് & നിയമസഭ. 98 പാർലമെന്റിലേക്കാണ് ഞാൻ ആദ്യമായി വോട്ട് ചെയ്തത്; പിന്നെ 99-ൽ വീണ്ടും. 2000-ൽ ത്രിതലപഞ്ചായത്തിലേക്കും 2001-ൽ നിയമസഭയിലേക്കും വോട്ട് ചെയ്തു. 2004 പാർലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് ഗൈഡിനോട് പറയാതെ പി ജി ഹോസ്റ്റലിൽനിന്നും മുങ്ങിയാണ് ഞാൻ നാട്ടിൽ വന്ന് വോട്ട് ചെയ്തത്. 2005 പഞ്ചായത്ത് ഇലക്ഷൻ സമയത്ത് ചെന്നൈ-യിൽ ആയതിനാൽ വോട്ട് ചെയ്യാൻ പറ്റിയില്ല. 2006 നിയമസഭാ സമയത്ത് മംഗലാപുരത്ത് ആയതിനാൽ പ്രവൃത്തിദിവസം (ബുധൻ?)ആയിട്ടും ലീവെടുക്കാതെ വോട്ട് ചെയ്യാനായി. വോട്ടെണ്ണലും ഒരു പ്രവൃത്തിദിവസമായിരുന്നു. രാവിലെ 8 മണിക്ക് തുടങ്ങിയ വോട്ടെണ്ണൽ 11 മണിയോടെ തീർന്നു; ഫലപ്രഖ്യാപനവും വന്നു. പഴയ ഒരു ത്രില്ലില്ല എന്ന് പറഞ്ഞാൽ മതിയല്ലോ? :)
ഇപ്പോഴിതാ ഓൺസൈറ്റ് ആയതിനാൽ ഒരു പാർലമെന്റ് ഇലക്ഷനും മിസ്സ് ആയിരിക്കുന്നു. എന്നാലും പ്രവചിക്കുന്നതിന് പ്രശ്നമില്ലല്ലോ അല്ലേ? എന്റെ പ്രവചനം:
1. കാസർഗോഡ് - എൽ ഡി എഫ്
2. കണ്ണൂർ - എൽ ഡി എഫ്
3. വയനാട് - യു ഡി എഫ് (എൽ ഡി എഫിന് ശക്തനായ സ്ഥാനാർഥി ആയിരുന്നെങ്കിൽ മുരളി പിടിക്കുന്ന വോട്ടുകൾ (50,000+ ?) ഇവിടെ നിർണായകമാകുമായിരുന്നു)
4. വടകര - എൽ ഡി എഫ്
5. കോഴിക്കോട് - എൽ ഡി എഫ്
6. മലപ്പുറം - യു ഡി എഫ്
7. പൊന്നാനി - യു ഡി എഫ്
8. ആലത്തൂർ - എൽ ഡി എഫ്
9. പാലക്കാട് - എൽ ഡി എഫ്
10. തൃശൂർ - യു ഡി എഫ്
11. ചാലക്കുടി - യു ഡി എഫ്
12. ഇടുക്കി - എൽ ഡി എഫ്
13. എറണകുളം - യു ഡി എഫ് (ഏറെക്കാലത്തിന് ശേഷം സിപി‌എം സ്വന്തം സ്ഥാനാർഥിയെ നിർത്തിയെങ്കിലും സിന്ധുജോയിക്ക് ജയിക്കാൻ പറ്റുമോ; നാളെ അറിയാം)
14. കോട്ടയം - യു ഡി എഫ് (49-51 സുരേഷ് കുറുപ്പ് ജയിക്കാനാണ് നേരിയ സാധ്യത എന്നാലും ഞാൻ യു ഡി എഫിന് കൊടുക്കുന്നു)
15. ആലപ്പുഴ - യു ഡി എഫ് (ഇവിടെയും മത്സരം കടുത്തതായിരിക്കും)
16. മാവേലിക്കര - യു ഡി എഫ്
17. പത്തനംതിട്ട - യു ഡി എഫ്
18. കൊല്ലം - എൽ ഡി എഫ്
19.ആറ്റിങ്ങൽ - എൽ ഡി എഫ്
20. തിരുവനന്തപുരം - യു ഡി എഫ് ( 52-48 ശശി തരൂർ തോൽക്കാനാണ് കൂടുതൽ സാധ്യത; പ്രത്യേകിച്ചും നീലനും, ബി ജെ പി യും എൻ സി പി യും ഒക്കെ ഉള്ള സ്ഥിതിക്ക് പ്രവചനാതീതവും. എങ്കിലും...)

ഏറ്റവും ചുരുങ്ങിയത് 9 (ഇത് 12 വരെയെത്താം) എങ്കിലും എൽ ഡി എഫിന് കിട്ടും എന്നാണ് എന്റെ അനുമാനം.
വെറുതെ ഒരു ഗട്ട് ഫീലിങ്ങ് (അല്ലാതെ പഠനമൊന്നും നടത്തിയിട്ടില്ല :))

Saturday, June 07, 2008

Protest against content theft and cyberstalking

I express my strong protest against Kerals.com for copying contents from malayalam blogs(Also see this). Besides this, their support team has threatened and abused fellow blogggers who complained of this disgusting act (here, here and here). And as if that is not enough, they have indulged in cyberstalking (See here and here). As a reader of malayalam blogs, I express my solidarity with all the bloggers out there who are fighting for justice against the atrocious behaviour of Anashwara Group of Company PVT LTD, owner of Kerals.com.

Sunday, January 27, 2008

നാടന്‍ വാക്കുകള്‍ - 1

പണ്ടെപ്പോഴോ പൊതുവാള്‍ജീയുടെ കാസറഗോഡ്: പ്രാദേശിക നിഘണ്ടു, കാസറഗോഡ് നിഘണ്ടു 2 എന്നീ പോസ്റ്റുകള്‍ വായിച്ചപ്പോഴേ കരുതിയിരുന്നു: അതിലില്ലാത്ത കുറച്ചുകൂടി 'നാടന്‍' വാക്കുകള്‍ ചേര്‍ത്ത്‌ ഒരു പോസ്റ്റിറക്കണമെന്ന് (ഇവിടെ ഞാന്‍ ഓരോ വാക്കിന്റെയും ഉച്ചാരണത്തിനോട്‌ പരമാവധി നീതി പുലര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്‌). ഈ പോസ്റ്റിന്റെ കമന്റില്‍ അനോണിമസ്‌ പറഞ്ഞ പോലെ ബലൂണിന്‌ സ്വന്തമായി മലയാളത്തില്‍ പേരുള്ളത്‌ പാലക്കാട്ട്‌ മാത്രമല്ല, ഞങ്ങള്‍ക്കും ഉണ്ട്‌ ഒരു പേര്‌: ബുഗ
ആദ്യമായി മരങ്ങള്‍,പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയായിക്കോട്ടെ അല്ലേ!
1. പറഞ്ചാവ്‌ = പറങ്കിമാവ്‌, കശുമാവ്‌
2. പറഞ്ചാങ്ങ = പറങ്കിമാങ്ങ, കശുമാങ്ങ
3. ജാദി = ജാതി, തേക്ക്‌
4. കുറുക്കോട്ടി = വലിയ ഇലയുള്ള (വട്ടയില?) ഒരു മരം
5. ചപ്പില = ഇല (ഉദാ: ജാദി ചപ്പില, മുരിങ്ങച്ചപ്പില, പയറിന്റെ ചപ്പില)
6. ചവോല = പറങ്കി മാവിന്റെ ഉണങ്ങിയ ഇലകള്‍ (ഓരോ കശുവണ്ടിക്കാലത്തിനും മുന്നേ ചവോല അടിച്ചുകൂട്ടും. പിന്നെ അതൊക്കെ വാരിക്കൊണ്ടുപോയി കൂന കൂട്ടും: മഴക്കാലത്ത്‌ തൊഴുത്തില്‍ ഇടാന്‍)
7. എല = ഇല, വാഴയില
8. കൗങ്ങ്‌ = കവുങ്ങ്‌, കമുക്‌
9. എളന്നറ്‌ = ഇളനീര്‍
10. ബെള്‌ച്ചിങ്ങ = തേങ്ങ കരിക്കാവുന്നതിനും മുമ്പേയുള്ള ചെറിയ കായ(പാന്തം, കൊരച്ചല്‍, പാണ്‌, അടിച്ചാരപ്പൊടി എന്നിവയും തെങ്ങുമായി ബന്ധപ്പെട്ട പദങ്ങളാണ്‌. പാന്തം കയറിന്‌ പകരമായി ഉപയോഗിക്കാം. കൊരച്ചല്‍ വിറകായി ഉപയോഗിക്കുന്നു. അടിച്ചാരപ്പൊടി പെട്ടെന്ന് തീപ്പിടിപ്പിക്കാന്‍ സഹായിക്കുന്നു. മേല്‍ക്കൂരയ്ക്കും മറ്റും മെടഞ്ഞ ഓലകള്‍ കെട്ടാന്‍ പാണ്‌ ഈര്‍ന്ന് ഉപയോഗിക്കുന്നു).
11. ചേരി = ചകിരി
12. ചെരട്ട =ചിരട്ട
13. ഒണ്ടാമ്പുളി = ഓട്ട്‌ പുളി
14. ബാളമ്പുളി = വാളന്‍ പുളി
15. ബപ്പങ്ങായി = പപ്പായ
16. ബെരിക്ക ചക്ക = വരിക്ക ചക്ക
17. പയം ചക്ക = പഴം ചക്ക, കൂഴ ചക്ക
18. ബളഞ്ഞറ്‌ = ചക്കപ്പശ
19. കരുള്‌ = ചക്കമുള്ളുള്‍പ്പെടെയുള്ള പുറംതോട്‌
20. ചമിണി = ചവിണി
21. പോണ്ടി = ചക്കക്കുരുവിന്റെ പുറത്തെ ആവരണം
22. മടല്‌ = കരുളിന്റെ ഉള്ളിലെ മൃദുവായ പാളി(ചക്കയുടെ മൂക്കും മടലും കറി വെക്കാറുണ്ട്‌)
23. കായ്‌ = പഴം
24. നേന്ത്രങ്കായ്‌ = നേന്ത്രപ്പഴം
25. ബായക്കുഞ്ഞി = വാഴപ്പിണ്ടി (ഇത്‌ കറി വെക്കാറുണ്ട്‌)
26. മൊള, കായല്‌ = മുള (മുള്ളുള്ള ഇനം)
27. ഊയി = മുള്ളില്ലാത്ത ഇനം മുള
28. ഓട്ട = ഊയിയോട്‌ വളരെ സാമ്യമുള്ള വേറൊരിനം മുള
29. ചന്നനം = ചന്ദനം(ബെങ്കണ, ബേങ്ങ, കനിമരം എന്നിങ്ങനെ വേറെയും മരങ്ങള്‍ വീട്ടു പറമ്പുകളില്‍ കാണാറുണ്ട്‌)
30. തൊട്‌ലാടി = തൊട്ടാവാടി
31. കമനീസ്റ്റ്‌ കാട്‌ =കമ്മ്യൂണിസ്റ്റ്‌ പച്ച
32. നാര്‍ച്ചിക്കാട്‌, നാര്‍ന്നാട്‌ = കമ്മ്യൂണിസ്റ്റ്‌ പച്ചയെപ്പോലെ വ്യാപകമായി കാണുന്ന ഒരിനം കുറ്റിച്ചെടി.
33. പന്‍നീര്‌ = പനിനീര്‍
34. ബറോലപ്പൂ = കടലാസ്‌ പൂവ്‌, ബോഗന്‍വില്ല
35. കേങ്ങ്‌ = കിഴങ്ങ്‌
36. പറങ്കള്‌ =മുളക്‌
37. ചപ്പ്‌ = പുകയില
38. ബെള്ളരിക്ക = വെള്ളരിക്ക
39. ബെണ്ടേക്കായ്‌ = വെണ്ടയ്ക്കാ
40. ബനീങ്ങ = വഴുതനങ്ങ
41. കയ്‌പക്ക = പാവയ്ക്ക
42. കൊള്ളി = മരച്ചീനി
43. പട്‌ളക്കായ്‌ = പടവലങ്ങ
44. താരോപ്പെരങ്ങ = നരമ്പന്‍
45. ബത്തക്ക = വത്തയ്ക്ക, തണ്ണിമത്തന്‍
46. കോയക്ക = കോവയ്‌ക്ക
47. മുണ്ട്യ = ചേമ്പ്‌
48. ചേമ്പ്‌ = കാച്ചില്‍
49. നീരുള്ളി = സവാള, ഉള്ളി
50. ബെള്ളുള്ളി = വെളുത്തുള്ളി
കാരാപ്പയം, നുള്ളിപ്പയം, കരിങ്ങാപ്പയം, ചൂരിപ്പയം, ചെക്കിപ്പയം എന്നിങ്ങനെയുള്ള ചെറുപഴങ്ങളെ മറക്കുന്നില്ല.
(തുടരും...)

Sunday, December 23, 2007

എന്റെ ആദ്യ പോട്ടം-പിടിത്ത സംരംഭം

കഴിഞ്ഞ thanksgiving-നു ഞാന്‍ ഒരു digital camera വാങ്ങി। എന്റെ ആദ്യ ഫോട്ടോകള്‍ ഇവിടെ പോസ്റ്റുന്നു. സഹിക്കുക-:).

ഞാന്‍ എടുത്ത ആദ്യ ഫോട്ടോ. ബാല്‍ക്കണിയില്‍ നിന്നൊരു ദൃശ്യം:ഇവിടെ 1-2 ആഴ്ച മുമ്പ്‌ മഞ്ഞ്‌ വീഴ്ചയുണ്ടായി. ഓഫീസില്‍ നിന്നും വന്നപ്പോഴേക്കും രാത്രിയായി (ഇവിടെ 5 മണിക്ക്‌ മുമ്പ്‌ തന്നെ സൂര്യന്‍ അസ്തമിക്കും):
ഈ ചുമരിന്റെ ഒരു കാര്യം। ഒരു ഫോട്ടോ എടുക്കാനും സമ്മതിക്കില്ല....

തണുപ്പ്‌ കൊണ്ട്‌ കൈ വിറച്ചതാണ്‌, അല്ലാതെ shake ആയതൊന്നുമല്ലെന്നേ....


ഇതും....:

ഈ രാത്രി സെറ്റിങ്ങ്സ്‌ ഒന്നും ശരിയായില്ല. ഇനി രാവിലെ എടുക്കാം...:

രാവിലെ ആയിട്ടും മഞ്ഞ്‌ അതുപോലുണ്ടല്ലോ:

അല്‍പം നേരത്തേ എഴുന്നേറ്റിരുന്നെങ്കില്‍, ഇനിയും എടുക്കാമായിരുന്നു (നിങ്ങളുടെ ഭാഗ്യം..-:)..)

ഇതിന്റെ രഹസ്യം മാത്രം പറയില്ല. ശിഷ്യപ്പെടേണ്ടിവരും -:)

Saturday, October 20, 2007

വെറുതെ ഇരുന്നപ്പോള്‍ കുത്തിക്കുറിച്ചത്‌

ഒന്നര വര്‍്ഷത്തിലധികമായി ബ്ലോഗ് തുടങ്ങിയിട്ട്. എന്തെങ്കിലും പോസ്റ്റ്യിട്ടു തന്നെ ഒരു വര്‍്ഷത്തിലധികമായി. പിന്നെ എന്തിനാണ് ഇങ്ങനെ ഒരു ബ്ലോഗ് തുടങ്ങിയതെന്ന് ചോദിച്ചാല്‍ എനിക്ക് തന്നെ ഉത്തരമില്ല. പക്ഷേ ഒന്നുണ്ട്, ഇ ബൂലോകതെത്തിയത് മുതല്‍ വായിച്ചാലും വായിച്ചാലും തീരാത്തത്ര വിഭവങ്ങള്‍, ഇതെല്ലാം വായിക്കുക, ആവോളം ആസ്വദിക്കുക, അതാണ് എന്നെ സന്തോഷിപ്പിക്കുന്നത്. ഇതിന്നിടയില്‍ എന്തെങ്കിലും എഴുതണമെന്നു ഇതുവരെ തോന്നിയില്ല, അത്ര തന്നെ. (ഇടയ്ക്കിടക്ക് വല്ലതും പോസ്റ്റിയില്ലെങ്കില്‍ ബ്ലോഗ്ഗര്‍ ബ്ലോഗ് അടച്ചുപൂട്ടുമെന്ന് എവിടെയോ വായിച്ചതായി ഒരോര്‍മ...)