Sunday, February 07, 2010

കണ്ടകശനിയും ബെർളിയും പിന്നെ ഞാനും

മനോരമയും മാതൃഭൂമിയുമൊക്കെ കമന്റുകൾ മുക്കുന്നതിനേക്കുറിച്ച് കേട്ടുകാണുമല്ലോ? അതുപോലെ ബ്ലോഗിലും ഉണ്ട് എന്ന് അറിയാൻ വൈകി. സംഭവം എന്താണെന്ന് വച്ചാൽ ജ്യോതി ബസു മരിച്ച ജനുവരി 17ന് കണ്ടകശനി ഒരു പോസ്റ്റിട്ടു. അതിലെ ഒരു വരി ഇങ്ങനെയായിരുന്നു: “ഇന്നു, 15 ജനവരി 2010നു സി പി എമ്മിന്റെ അവസാനത്തെ സ്ഥാപകപിതാവും യാത്രയായി.” അന്നത്തെ മാതൃഭൂമി ഓൺലൈൻ എഡീഷനിലെ പല ഓർമക്കുറിപ്പുകളിലും Posted On ജനുവരി 7, ജനുവരി 10 എന്നൊക്കെയായിരുന്നു. മാതൃഭൂമി, അദ്ദേഹം രോഗം ഗുരുതരമായിക്കിടക്കുന്ന ഘട്ടത്തിൽ തന്നെ തയ്യാറാക്കിവെച്ച മാറ്റർ പെട്ടെന്ന് പോസ്റ്റിയപ്പോൾ മുകളിലെ തീയതി മാറ്റാൻ മറന്നതാവും എന്ന് ഞാനൂഹിച്ചു. അതുകഴിഞ്ഞാണ് കണ്ടകശനിയുടെ പോസ്റ്റ് കാണുന്നത്. എന്നാൽ‌പ്പിന്നെ ഒന്ന് വിമർശിച്ചേക്കാം എന്നു കരുതി “ഓ 2 ദിവസം മുന്നേ തയ്യാറാക്കിയതായിരിക്കും അല്ലേ? തീയതി മാറ്റാൻ മറന്നോ” എന്ന രീതിയിൽ ഒരു കമന്റിട്ടു. കമന്റിൽ മാതൃഭൂമിയിലെ ലേഖനത്തിലേക്ക് ഒരു ലിങ്കും കൊടുക്കാൻ മറന്നില്ല. പക്ഷേ പബ്ലിഷ് ബട്ടൺ ഞെക്കിയപ്പോഴാണറിയുന്നത് കമന്റ് മോഡറേറ്റഡ് ആണെന്ന്. വെറുതെ ഒരു കൌതുകത്തിന് അടുത്ത ദിവസം നോക്കിയപ്പോൾ സംഗതി വിചാരിച്ചതുപോലെ തന്നെ. എന്റെ കമന്റ് വെളിച്ചം കണ്ടില്ല. മാത്രവുമല്ല, തീയ്യതി 15 എന്നത് 17 ആയിട്ടുമുണ്ട്. (“സോറി, അറിയാതെ പറ്റിയതാ. തിരുത്തിയതിന് നന്ദി” എന്നെങ്ങാനും കണ്ടാലോ എന്നൊരു നേരിയ പ്രതീക്ഷ ഉണ്ടായിരുന്നു. എവിടെ?). ‘ആ, പോട്ട്’ എന്ന് ഞാനും വിചാരിച്ചു.

പക്ഷേ കൃത്യം 10 ദിവസം കഴിഞ്ഞപ്പോ അവിടെ പുതിയ ഒരു പോസ്റ്റ് വന്നു: 2010ലെ ആദ്യത്തെ മൂന്നു മണ്ടത്തരങ്ങള്‍ . അതിൽ‌പ്പറഞ്ഞിരിക്കുന്ന മൂന്നാമത്തെ മണ്ടത്തരം ബെർളിയുടെ ഒരു പോസ്റ്റിൽ ആനയുടെ പ്രസവകാലം 10 മാസം എന്നെഴുതിയതാണ്. അവരുടെ തന്നെ ഭാഷയിൽ: "മൂന്നാമത്തെതും പരമവും ആയിട്ടുള്ള മണ്ടത്തരം അതു പ്രതിക്ഷിക്കാവുന്ന ഒരു ഇടത്തുനിന്നു തന്നെയാണു. ഇതുവരെ തിരുത്താത്ത ആ മണ്ടത്തരം ബെര്‍ളി തോമസ് എന്ന മലയാളം ബ്ലോഗറുടെ മലപ്പുറം ജ്യ്യൊഗ്രഫിക്ക് എന്ന പോസ്റ്റില്‍ കാണാം".
ഇതുകണ്ട എനിക്കൊരു കുസൃതി തോന്നി: "ഭയങ്കര സംഭവം തന്നെ!!!" എന്നൊരു കമന്റിട്ടു. അദ്ഭുതമെന്നു പറയട്ടെ, ആ കമന്റ് വെളിച്ചം കണ്ടു. ഇതി വാർത്താഹ! :)

2 comments:

ജിവി/JiVi said...

അതുശരി, മെര്‍കുഷിയാനെ ശരിക്ക് അറിയാത്തതുകൊണ്ടാണ് അങ്ങേരുടെ ഈ പരിപാടിയൊക്കെ അദ്ഭുതമായി തോനുന്നത്.

2010ലെ മണ്ടത്തരങ്ങളുടെ പോസ്റ്റില്‍ ഞാനും ഒരു കമന്റിട്ടിരുന്നു. അതില്‍ മെര്‍കുഷിയാന്റെ ഒരു ആനമണ്ടത്തരത്തെ തുറന്നു കാട്ടുന്നതായിരുന്നു കമന്റ്.മോഡറേറ്റ് ചെയ്യപ്പെടുമെന്ന് ഞാന്‍ കരുതിയെങ്കിലും അത് പബ്ലീഷ് ചെയ്യപ്പെട്ടു. ഇപ്പോളാകട്ടെ അത് ഡിലീറ്റ് ചെയ്യപ്പെടുകയും ചെയ്തിരിക്കുന്നു. പോസ്റ്റിലെ വലീയമണ്ടത്തരം ഇല്ലായ്മ ചെയ്യത്തക്കരീതിയില്‍ പോസ്റ്റ് എഡിറ്റ് ചെയ്തിരിക്കുന്നു. ഞാന്‍ പിന്നെ ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയതേ ഇല്ലായിരുന്നു. ഇപ്പോള്‍ ഇതിലെ ലിങ്കുവഴി പോയി കണ്ട കാഴ്ച! ഹൊ, മെര്‍കുഷിയാനെ നമിക്കണം.

ഒഴാക്കന്‍. said...

അപ്പൊ ദിതാനല്ലേ പരുപാടി .... നിരുപണം ചിലപ്പോ ആട്ടിന്‍ സുപ്പിന്‍ ഫലവും ചെയ്യാറുണ്ട്