പണ്ടെപ്പോഴോ പൊതുവാള്‍ജീയുടെ കാസറഗോഡ്: പ്രാദേശിക നിഘണ്ടു, കാസറഗോഡ് നിഘണ്ടു 2 എന്നീ പോസ്റ്റുകള്‍ വായിച്ചപ്പോഴേ കരുതിയിരുന്നു: അതിലില്ലാത്ത കുറച്ചുകൂടി 'നാടന്‍' വാക്കുകള്‍ ചേര്‍ത്ത് ഒരു പോസ്റ്റിറക്കണമെന്ന് (ഇവിടെ ഞാന്‍ ഓരോ വാക്കിന്റെയും ഉച്ചാരണത്തിനോട് പരമാവധി നീതി പുലര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്). ഈ പോസ്റ്റിന്റെ കമന്റില്‍ അനോണിമസ് പറഞ്ഞ പോലെ ബലൂണിന് സ്വന്തമായി മലയാളത്തില്‍ പേരുള്ളത് പാലക്കാട്ട് മാത്രമല്ല, ഞങ്ങള്‍ക്കും ഉണ്ട് ഒരു പേര്: ബുഗ
ആദ്യമായി മരങ്ങള്‍,പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയായിക്കോട്ടെ അല്ലേ!
1. പറഞ്ചാവ് = പറങ്കിമാവ്, കശുമാവ്
2. പറഞ്ചാങ്ങ = പറങ്കിമാങ്ങ, കശുമാങ്ങ
3. ജാദി = ജാതി, തേക്ക്
4. കുറുക്കോട്ടി = വലിയ ഇലയുള്ള (വട്ടയില?) ഒരു മരം
5. ചപ്പില = ഇല (ഉദാ: ജാദി ചപ്പില, മുരിങ്ങച്ചപ്പില, പയറിന്റെ ചപ്പില)
6. ചവോല = പറങ്കി മാവിന്റെ ഉണങ്ങിയ ഇലകള്‍ (ഓരോ കശുവണ്ടിക്കാലത്തിനും മുന്നേ ചവോല അടിച്ചുകൂട്ടും. പിന്നെ അതൊക്കെ വാരിക്കൊണ്ടുപോയി കൂന കൂട്ടും: മഴക്കാലത്ത് തൊഴുത്തില്‍ ഇടാന്‍)
7. എല = ഇല, വാഴയില
8. കൗങ്ങ് = കവുങ്ങ്, കമുക്
9. എളന്നറ് = ഇളനീര്‍
10. ബെള്‌ച്ചിങ്ങ = തേങ്ങ കരിക്കാവുന്നതിനും മുമ്പേയുള്ള ചെറിയ കായ(പാന്തം, കൊരച്ചല്‍, പാണ്, അടിച്ചാരപ്പൊടി എന്നിവയും തെങ്ങുമായി ബന്ധപ്പെട്ട പദങ്ങളാണ്. പാന്തം കയറിന് പകരമായി ഉപയോഗിക്കാം. കൊരച്ചല്‍ വിറകായി ഉപയോഗിക്കുന്നു. അടിച്ചാരപ്പൊടി പെട്ടെന്ന് തീപ്പിടിപ്പിക്കാന്‍ സഹായിക്കുന്നു. മേല്‍ക്കൂരയ്ക്കും മറ്റും മെടഞ്ഞ ഓലകള്‍ കെട്ടാന്‍ പാണ് ഈര്‍ന്ന് ഉപയോഗിക്കുന്നു).
11. ചേരി = ചകിരി
12. ചെരട്ട =ചിരട്ട
13. ഒണ്ടാമ്പുളി = ഓട്ട് പുളി
14. ബാളമ്പുളി = വാളന്‍ പുളി
15. ബപ്പങ്ങായി = പപ്പായ
16. ബെരിക്ക ചക്ക = വരിക്ക ചക്ക
17. പയം ചക്ക = പഴം ചക്ക, കൂഴ ചക്ക
18. ബളഞ്ഞറ് = ചക്കപ്പശ
19. കരുള് = ചക്കമുള്ളുള്‍പ്പെടെയുള്ള പുറംതോട്
20. ചമിണി = ചവിണി
21. പോണ്ടി = ചക്കക്കുരുവിന്റെ പുറത്തെ ആവരണം
22. മടല് = കരുളിന്റെ ഉള്ളിലെ മൃദുവായ പാളി(ചക്കയുടെ മൂക്കും മടലും കറി വെക്കാറുണ്ട്)
23. കായ് = പഴം
24. നേന്ത്രങ്കായ് = നേന്ത്രപ്പഴം
25. ബായക്കുഞ്ഞി = വാഴപ്പിണ്ടി (ഇത് കറി വെക്കാറുണ്ട്)
26. മൊള, കായല് = മുള (മുള്ളുള്ള ഇനം)
27. ഊയി = മുള്ളില്ലാത്ത ഇനം മുള
28. ഓട്ട = ഊയിയോട് വളരെ സാമ്യമുള്ള വേറൊരിനം മുള
29. ചന്നനം = ചന്ദനം(ബെങ്കണ, ബേങ്ങ, കനിമരം എന്നിങ്ങനെ വേറെയും മരങ്ങള്‍ വീട്ടു പറമ്പുകളില്‍ കാണാറുണ്ട്)
30. തൊട്‌ലാടി = തൊട്ടാവാടി
31. കമനീസ്റ്റ് കാട് =കമ്മ്യൂണിസ്റ്റ് പച്ച
32. നാര്‍ച്ചിക്കാട്, നാര്‍ന്നാട് = കമ്മ്യൂണിസ്റ്റ് പച്ചയെപ്പോലെ വ്യാപകമായി കാണുന്ന ഒരിനം കുറ്റിച്ചെടി.
33. പന്‍നീര് = പനിനീര്‍
34. ബറോലപ്പൂ = കടലാസ് പൂവ്, ബോഗന്‍വില്ല
35. കേങ്ങ് = കിഴങ്ങ്
36. പറങ്കള് =മുളക്
37. ചപ്പ് = പുകയില
38. ബെള്ളരിക്ക = വെള്ളരിക്ക
39. ബെണ്ടേക്കായ് = വെണ്ടയ്ക്കാ
40. ബനീങ്ങ = വഴുതനങ്ങ
41. കയ്‌പക്ക = പാവയ്ക്ക
42. കൊള്ളി = മരച്ചീനി
43. പട്‌ളക്കായ് = പടവലങ്ങ
44. താരോപ്പെരങ്ങ = നരമ്പന്‍
45. ബത്തക്ക = വത്തയ്ക്ക, തണ്ണിമത്തന്‍
46. കോയക്ക = കോവയ്‌ക്ക
47. മുണ്ട്യ = ചേമ്പ്
48. ചേമ്പ് = കാച്ചില്‍
49. നീരുള്ളി = സവാള, ഉള്ളി
50. ബെള്ളുള്ളി = വെളുത്തുള്ളി
കാരാപ്പയം, നുള്ളിപ്പയം, കരിങ്ങാപ്പയം, ചൂരിപ്പയം, ചെക്കിപ്പയം എന്നിങ്ങനെയുള്ള ചെറുപഴങ്ങളെ മറക്കുന്നില്ല.
(തുടരും...)
Sunday, January 27, 2008
Subscribe to:
Posts (Atom)